സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ പിടികൂടാനാവാതെ പൊലീസ്. ഷിംജിത കേരളം വിട്ടതായാണ് സൂചന. ഈ സാഹചര്യത്തിൽ ഷിംജിതക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാൽ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്.
ഷിംജിതയെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഷിംജിതയുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. അതേസമയം ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.
അതിനിടെ ലൈംഗികാതിക്രമം നടന്നെന്നു യുവതി ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ബസിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.







