കേരളത്തില്‍ മരണാനന്തര അവയവദാനം കുറയുന്നു; ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ ആശങ്കയില്‍

കേരളത്തില്‍ മരണാനന്തര അവയവദാനത്തിന്റെ എണ്ണം കുറയുന്നതോടെ, അവയവദാനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രോഗികള്‍ പ്രതിസന്ധിയിലാകുന്നു. അവയവദാന പദ്ധതികള്‍ക്ക് തിരിച്ചടിയായത് കുപ്രചാരണങ്ങളാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2009ല്‍ നടന്ന ഒരു അപകടത്തെ തുടര്‍ന്ന് രോഗിയുടെ ബ്രെയ്ന്‍ ഡെത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ജനങ്ങളെ ഞെട്ടിച്ചിരുന്നു. വാഹനാപകടത്തില്‍പ്പെട്ട 18കാരന് മസ്തിഷ്‌ക മരണം വിധിച്ച് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്ക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സംഭവം അവയവദാനത്തെ വിവാദത്തിലേക്കെത്തിച്ചിരുന്നു.

2015ല്‍ കേരളത്തില്‍ ആകെ 218 അവയവദാനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2022ല്‍ അവയവദാനം 55 ആയി ചുരുങ്ങി. ഈ വര്‍ഷം ഇതുവരെ 11 അവയവദാനം മാത്രമാണ് നടന്നത്.

2012ല്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരള സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. മരണാസന്നനായി തുടരുന്ന രോഗിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ 6 മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ പരിശോധിക്കണം. കൂടാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു ന്യൂറോളജിസ്റ്റ്, രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുണ്ടായിരിക്കണം എന്നിങ്ങനെയായിരുന്നു 2012ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. എന്നാല്‍ നിയമം പുതുക്കിയ ശേഷവും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 2017ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്തു.

ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ നടത്തുന്ന പരിശോധനകളുടെയും വീഡിയോ ചിത്രീകരിക്കണം. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌കമരണം സ്ഥിരീകരിക്കേണ്ടതെന്ന് അടക്കം പുതിയ നിബന്ധനകള്ർ കൊണ്ടുവന്നു. മസ്തിഷ്കമരണം സംശയിച്ചാൽ നാലുഡോക്ടർമാർ ചേർന്നുള്ള ഒരു വിദഗ്ധപാനലാണ് പരിശോധിച്ച് ഉറപ്പുവരുത്തുക.  കൂടാതെ നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു 2017ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം.

എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവദാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് ശേഷം ഡോക്ടര്‍മാരും ആശുപത്രികളും അവയവദാന നടപടികള്‍ക്ക് മടിക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടേണ്ട എന്ന ചിന്തയാണ് ആശുപത്രികളും ഡോക്ടര്‍മാരും വിഷയത്തില്‍ വിമുഖത കാണിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ജീവനുള്ള ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കുന്നത് ചിലവേറിയ പ്രക്രിയയാതിനാല്‍ സാധാരണക്കാരായ രോഗികള്‍ ആശങ്കയിലാണ്.