പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കൽ തീരുമാനം ഇടതുപക്ഷ ഐക്യത്തിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങള്‍ അറിയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
കാബിനറ്റ് യോഗം നടക്കുകയാണ്. തീരുമാനങ്ങള്‍ യോഗം കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും. വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
പിഎം ശ്രീയിൽ നേരത്തേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭായോഗത്തിന് മുന്‍പേ തന്നെ പിഎംശ്രീ മരവിപ്പിക്കാനുള്ള നീക്കമുണ്ടായതോടെ സിപിഐ മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.







