'പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചൊ, കൈയുംകാലും തല്ലിയൊടിക്കും'; പി. എസ് പ്രശാന്തിന് വധഭീഷണി

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് വധഭീഷണി. വ്യാഴായ്ചയാണ് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.  കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചൊ, നിന്റെ കയ്യുംകാലും തല്ലിയൊടിക്കും എന്നായിരുന്നു  ഭീഷണി. സംഭവത്തിൽ  പി.എസ് പ്രശാന്ത് അരുവിക്കര പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

കോണ്‍ഗ്രസിലെ ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ടത്. കെപിസിസിക്കെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മെയിലയച്ചെങ്കിലും അത് ഗൗരവത്തിലെടുക്കാതെ തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ് നേതൃത്വം നടത്തിയതെന്ന് പ്രശാന്ത് പ്രതികരിച്ചിരുന്നു.

ഇടതുപാളയത്തിലെത്തിയ പ്രശാന്തിനെ നിലവില്‍ കര്‍ഷക സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റായി സിപിഐഎം നിയമിക്കുകയും ചെയ്തു.