നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ടെന്ന് കെ സുരേന്ദ്രന്‍

മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും എഫ്‌ഐആറിലും ഇതിനെ പറ്റി പരാമര്‍ശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടല്‍ നടന്നതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിബിഐ അന്വേഷണത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരും എതിര്‍ക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം നടന്നാല്‍ മാത്രമേ നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.