മോഡലുകളുടെ മരണം; ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചയിൽ മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾ കാറപടകത്തിൽ മരിച്ച സംഭവത്തിൽ കാറിനെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നെന്ന വകുപ്പിലാണ് അറസ്റ്റ്.

കൊച്ചിയിലെ ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കിയെന്ന വകുപ്പും ചേര്‍ത്തു. സൈജുവിനെതിരെ മറ്റൊരു പരാതിയില്‍ വഞ്ചനയ്ക്കും കേസെടുത്തിട്ടുണ്ട്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുക്കും.

24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സൈജുവിന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് രാവിലെ 11ന് അഭിഭാഷകര്‍ക്കോപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. എന്തിനാണ് മോഡലുകളെ പിന്തുടർന്നത്, പിന്തുടരാൻ ഹോട്ടലുടമ റോയ് ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ സൈജുവിനായില്ലെന്നാണ് റിപ്പോർട്ട്.

Read more

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.