മലപ്പുറത്തെ രണ്ട് വയസുകാരിയുടെ മരണം; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി

മലപ്പുറം ഉദിരംപൊയിലില്‍ രണ്ടര വയസുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുട്ടിയുമായി ഫായിസ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് തന്നെ കുട്ടി മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പിതാവ് ഫായിസ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള ആരോപണവുമായി രംഗത്തെത്തിയത്.

കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നതായും മാതാവും ബന്ധുക്കളും ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഫായിസ് പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.