ബംഗാള്‍ ഉള്‍കടലില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡോസ് ( Mandous ) ചുഴലിക്കാറ്റ് രൂപപ്പെട്ടു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് ( ഡിസംബര്‍ 9) അര്‍ദ്രാധത്രയോടെ തമിഴ്‌നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മണിക്കൂറില്‍ 65 – 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീര മേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപെടുവിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ 9,10 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്.

കേരളത്തില്‍ അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുകയാണ്. മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.