മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത്; അതിശക്തമായ കാറ്റും അതിതീവ്ര മഴയും

ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത്. തീവ്ര ചുഴലിക്കാറ്റായി മാറിയ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരം തൊടുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയുമാണ്.ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 കിമി അകലെയും തെക്ക് പടിഞ്ഞാറൻ മച്ചിലിപട്ടണത്ത് നിന്ന് 140 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്തിരുന്ന ചുഴലിക്കാറ്റിൻ്റെ ചുറ്റുഭാഗം തെക്കൻ ആന്ധ്ര തീരത്ത് കരയിൽ പ്രവേശിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ ബാപ്ടല വഴി ഉച്ചക്ക് ശേഷം 12.30 നും 2.30 നും ഇടയിൽ മണിക്കൂറിൽ പരമാവധി 100 km വരെ വേഗതയിലാണ് കരയിൽ പ്രവേശിച്ചത്. വടക്ക് ഭാഗത്തേക്ക്‌ നീങ്ങുന്ന മിഗ്ജാമ് അടുത്ത 2 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി കുറയാൻ സാധ്യത.

സംസ്ഥാനത്ത് തീരമേഖലയിൽ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നെല്ലൂരിൽ കഴിഞ്ഞ 24 മണിക്കൂറിൽ 300 mm മഴയാണ് പെയ്തത്.ബാപ്ടല, മച്ചിലിപ്പട്ടണം, കാവാലി, തിരുപ്പതി, ഒങ്കോൾ, കക്കിനട എന്നിവടങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.