സ്മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്‌

മീഡിയ വണ്‍ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ അടക്കം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.

ഇത് സംബന്ധിച്ച് പൊലീസ് കഴിഞ്ഞ ദിവസം സ്മൃതി പരിത്തിക്കാടിന്റെ മൊഴി എടുത്തിരുന്നു. ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐ.പി.സി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐ.പി.സി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യൂട്യൂബ് ചാനല്‍ അവതാരകനെതിരെ കേസെടുത്തിരിക്കുന്നത്. ഈ യൂട്യൂബ് ചാനലിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുമുളള നടപടിയും ആരംഭിച്ചു.

കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മീഡിയ വണ്‍ ചാനലിന് എതിരെ വ്യാജ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരെ അപകീര്‍ത്തി കേസ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ചാനലിന്റെ അധികൃതര്‍ അറിയിച്ചു.