എം.എസ്.എഫ് മുന്‍ ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

മുന്‍ എം.എസ്.എഫ് ഭാരവാഹിയും ഹരിതയുടെ സജീവ പ്രവര്‍ത്തകയുമായിരുന്ന യുവതിക്കെതിരെ സൈബര്‍ ആക്രമണം. കണ്ണൂര്‍ സര്‍ സയ്ദ് കോളജ് മുന്‍ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനമാണ് പൊലീസില്‍ പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ മലപ്പുറം ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ് ആണെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. കുടുംബം മാനസികമായി തകര്‍ന്ന് സാഹചര്യത്തിലാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് ആഷിഖ പറഞ്ഞു.

അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യലില്‍ അനീസ് കുറ്റം സമ്മനതിച്ചിട്ടുണ്ട്. എം.എസ.്എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ഇയാള്‍ ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം. ആരോപണ വിധേയനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയെന്ന ആരോപണം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു. നാട്ടുകാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അയാള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് എം.എസ്.എഫ് നേതൃത്വം നല്‍കിയ വിശദീകരണം.