സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി യോഗം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ച് മറ്റ് മൂന്ന് പേരെ ഒഴിവാക്കിയതോടെ എഡിജിപി എംആര്‍ അജിത് കുമാര്‍ പുറത്തായി. അജിത്കുമാറിനെ ഡിജിപിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ വിഫലമായതായാണ് വിലയിരുത്തലുകള്‍.
റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എംആര്‍ അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവിലെ സംസ്ഥാന പൊലീസ് മേധാവി കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്ക് എംആര്‍ അജിത്കുമാറിനെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഡിജിപി ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ മാസമാണ് വിരമിക്കുന്നത്. കേന്ദ്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറുപേരുടെ പട്ടികയില്‍ എഡിജിപി അജിത്കുമാര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും യുപിഎസ്‌സി യോഗം ഒഴിവാക്കുകയായിരുന്നു.
30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്‌സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. അജിത്കുമാറിനെതിരെ കവടിയാറിലെ ഫ്‌ളാറ്റ് നിര്‍മ്മാണം, വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Read more
തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അജിത്കുമാറിനെതിരെ ഡിജിപി നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ എഡിജിപിയ്ക്ക് പൂരം അലങ്കോലമായതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ഷേഖ് ദര്‍വേസ് സാഹിബ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.