വിപ്ലവസൂര്യന് വിട ചൊല്ലാന്‍ തലസ്ഥാനത്ത് ജനപ്രവാഹം. പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമാണ് എകെജി പഠനകേന്ദ്രത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. വിഎസ് ചികിത്സയിലിരുന്ന എസ്‌യുടി ആശുപത്രിയില്‍ നിന്ന് വൈകുന്നേരം 7.15ന് ഭൗതിക ശരീരം എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.
ഇതിന് പിന്നാലെയാണ് ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ, കണ്ണേ കരളേ വിഎസ്സേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തലസ്ഥാനത്ത് ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങിയത്. അനവധി വൈകാരിക രംഗങ്ങള്‍ക്കാണ് എകെജി പഠനകേന്ദ്രം ഇപ്പോള്‍ സാക്ഷിയാകുന്നത്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവരുടെ അനിയന്ത്രിതമായ തിരക്കാണ് നിലവില്‍ എകെജി പഠനകേന്ദ്രത്തില്‍.
എകെജി പഠനകേന്ദ്രത്തില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
Read more
ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ വിഎസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.