വിഎസിന് ലഭിച്ച പത്മ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം, കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം; മുമ്പ് സിപിഎം നേതാക്കള്‍ പുരസ്‌കാരം തിരസ്‌കരിച്ചത് വ്യക്തിപരമെന്ന് എംവി ഗോവിന്ദന്‍

വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂഷന്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതില്‍ കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
മുന്‍കാലത്ത് പത്മ പുരസ്‌കാരം നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണം. പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നാണ് സിപിഎം പ്രതികരണം. ‘മുമ്പ് പാര്‍ട്ടി നേതാക്കന്മാര്‍ അവരവരുടെ നിലപാടനുസരിച്ചാണ് പുരസ്‌കാരം നിരസിച്ചത്. വിഎസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സന്തോഷമാണ്. പാര്‍ട്ടിയും സ്വാഗതം ചെയ്യുന്നുവെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

പാര്‍ട്ടിയുടെ നിലപാടില്‍ ആകാംക്ഷയുണ്ടായിരുന്നു. പത്മ പുരസ്‌കാരം ലഭിച്ചതിലും പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ട് എന്നായിരുന്നു വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചത്. സിപിഎം നേതാക്കള്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. മുമ്പ് സിപിഎം നേതാക്കള്‍ പദ്മ പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതോടെ വിഷയത്തിലെ ആശങ്ക ഒഴിഞ്ഞു.

കമ്യൂണിസ്റ്റ് നേതാക്കളായ മുന്‍മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും നിരസിച്ച പുരസ്‌കാരമാണ് വി.എസിന് അദ്ദേഹത്തിന്റെ മരണാനന്തര ബഹുമതിയായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സിപിഎം നേതാക്കള്‍ മുന്‍കാലങ്ങളില്‍ നിരസിച്ച പുരസ്‌കാരമായതിനാലും വിഎസ് ഇന്ന് അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇല്ലാത്തത്തിനാലും വിഎസിന് ലഭിച്ച ബഹുമതിയില്‍ പാര്‍ട്ടിയുടെ നിലപാട് എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. ഇക്കാര്യത്തിലാണ് എം.വി.ഗോവിന്ദനും സിപിഎമ്മും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

1992-ലാണ് ഇ.എം.എസിനെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് പരിഗണിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. റാവുവിന്റെ സര്‍ക്കാരിനോട് നയപരമായി യോജിക്കാന്‍ കഴിയില്ലെന്ന കാരണംപറഞ്ഞാണ് ഇ.എം.എസ്. പുരസ്‌കാരം നിരസിച്ചത്. ഇ.എം.എസിനൊപ്പം, വാജ്പേയിക്കും അന്ന് പത്മഭൂഷന്‍ പ്രഖ്യാപിച്ചിരുന്നു. വാജ്പേയി അത് സ്വീകരിക്കുകയും ചെയ്തു.

1996 ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്‌നം നല്‍കാന്‍ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമോ എന്ന് മുന്‍കൂട്ടി ചോദിച്ചു. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാര്‍ട്ടിയും സ്വീകരിച്ചത്. 2022-ലാണ് ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് പരിഗണിച്ചത്. ‘എനിക്ക് അങ്ങനെയൊന്ന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഞാനത് നിരസിക്കുന്നു’ എന്നായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ബുദ്ധദേബിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്താണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞതിനുശേഷമായിരുന്നു ബുദ്ധദേബിനെ തേടി പരമോന്നത പുരസ്‌കാരം വന്നത്.

Read more

പുരസ്‌കാരങ്ങള്‍ക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവര്‍ത്തനമെന്നും ഭരണകൂടം നല്‍കുന്ന ബഹുമതികള്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ടതില്ല എന്നുമുള്ള രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി മുന്‍പ് പുരസ്‌കാരങ്ങള്‍ നിരസിച്ചത്.