കേരളത്തിന്റെ പോരാട്ടത്തിന് തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും പിന്തുണയുണ്ട്; ഡല്‍ഹിയിലെ സമരവിജയത്തിന് ജനം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് സിപിഎം

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികള്‍ക്കെതിരെയും ധനവിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം വിജയിപ്പിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ഇത് കേരളത്തിന്റെ പോരാട്ടമാണ്. ന്യായമായ ഈ പോരാട്ടത്തിന് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനാ തത്വങ്ങളെ അംഗീകരിക്കാതെ ഫെഡറിലിസത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രംഗത്തുവരേണ്ടിവരും.

കേരളത്തിലെ പ്രതിപക്ഷത്തിനു മാത്രമാണ് ഇത് ഇതുവരെ മനസിലാകാത്തത്. ഇത് അവരോടൊപ്പം നില്‍ക്കുന്ന ജനവിഭാഗത്തിനും മനസിലായിട്ടുണ്ട്. കേരളത്തിനു വേണ്ടിയുള്ള സമരത്തില്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണം. ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകിട്ട് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.