സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മറൈന്‍ ഡ്രൈവിലെ സമ്മേളന വേദിയായ ബി രാഘവന്‍ നഗറില്‍ ഇന്ന് രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം 10.30 ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 12.15ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാല് മണിക്ക് നവകേരള സൃഷ്ടിക്കായുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. 5.30 ഓടെ ഗ്രൂപ്പ് ചര്‍ച്ച് ആരംഭിക്കും.

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പാര്‍ട്ടി സമ്മേളനം എറണാകുളം ജില്ലയിലേക്ക് എത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് സമ്മേളനം. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടത്തുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപന റാലിയും ഇത്തവണ ഉണ്ടാകില്ല. പ്രതിനിധി സമ്മേളനത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കും. 23 നിരീക്ഷകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read more

നാലിന് വൈകിട്ട് ഇ ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കും. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരിക സംഗമം എന്നിവ അഭിമന്യു നഗറിനെ സമ്പന്നമാക്കും.