സിപിഎം സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരാണ്; തൃക്കാക്കരയില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട്‌

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമല്ല പ്രതിഫലിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലല്ല. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍ ഒന്നിക്കുകയായിരുന്നു. ട്വന്റി-20 ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിനെ സഹായിച്ചെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഉമ തോമസിന് എതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞില്ല. സിപിഎം സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരാണെന്നും അവര്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വികസനമാണ് പാര്‍ട്ടിയുടെ നിലപാട്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അവര്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു ഉണ്ടായത് അപ്രതീക്ഷിത പരാജയമാണ്. തോല്‍വി പരിശോധിക്കും. അതില്‍ നിന്ന് പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതി കേരളത്തിന്റെ ആസ്തിയാണ്. പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വര്‍ലൈന്‍ നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ തിരിച്ചടിയായില്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.