സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'രക്തസാക്ഷി ഫണ്ട് തട്ടിച്ച നേതാവിനെ തരംതാഴ്ത്തിയ സിപിഎം പിന്നീട് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കി'

തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത പത്ത് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ സി.പി.എം ലോക്കല്‍ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപണം ഉന്നയിച്ച സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിനോദും സുഹൃത്തുക്കളും പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്റെ തുറന്ന് പറച്ചിലാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും കൂടുതലാളുകള്‍ വരും ദിവസങ്ങളില്‍ തലസ്ഥാനത്ത് സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നും വിനോദ് പറഞ്ഞു. രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാര്‍ട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസം വിനോദ് വ്യക്തമാക്കിയിരുന്നു.

വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായി നേരത്തെ വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് വെട്ടിച്ചെന്ന് ഏറ്റുപറഞ്ഞ നേതാവിനെ സി.പി.എം തരംതാഴ്ത്തിയെങ്കിലും അടുത്തിടെ മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് സി.ഐ.ടി.യു ജില്ലാ ഭാരവാഹിയാക്കി എന്നായിരുന്നു വിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം. മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പങ്കുണ്ടെന്നാണ് വിനോദ് ആരോപിക്കുന്നത്.

‘പാര്‍ട്ടിയുടെ നിലപാടുകളുമായി ചേര്‍ന്ന് പോകാന്‍ പറ്റാത്ത രീതിയില്‍ സാമുദായിക നേതാക്കളുടെ അതിപ്രസരമുണ്ട്. ഇതെല്ലാം കണ്ട് വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് കുഞ്ഞിക്കൃഷ്ണന്‍ സഖാവിന്റെ വെളിപ്പെടുത്തല്‍ വന്നത്. ഇപ്പോഴെങ്കിലും ഈ ഒരു തുറന്നുപറച്ചില്‍ വന്നില്ല എന്നുണ്ടെങ്കില്‍ അത് എന്റെ ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പാര്‍ട്ടി സഖാക്കളെ ദോഷകരമായി ബാധിക്കും. ഇപ്പോള്‍ എന്റെയും എന്റെ കൂടെയുള്ളവരുടേയും കാഴ്ചപ്പാടില്‍ സോഷ്യലിസവും അതുപോലെ എല്ലാവരെയും ഒരുപോലെ കണ്ട് ഒരുമിച്ച് കൊണ്ടുപോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ആണ് കേരളത്തിലെ ലെഫ്റ്റിസ്റ്റ് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഈ പാര്‍ട്ടിയിലേക്ക് ചേരാന്‍ ആവേശപൂര്‍വ്വം വന്നത്’

Read more

വിനോദിന്റെ തുറന്നുപറച്ചിലിന് പിന്നാലെ ഊര്‍ജസ്വലനായ സിപിഎം പ്രവര്‍ത്തകനായിരുന്നു വിഷ്ണുവെന്നും വിഷ്ണുവിന് വേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ടില്‍ പകുതി സിപിഎം അടിച്ച് മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പണം വക്കീലിന് കൊടുത്തു എന്നാണ് സിപിഎം പറയുന്നത്. സര്‍ക്കാരാണ് വക്കീലിനെ വയ്ക്കേണ്ടത്. പാര്‍ട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നു. വിഷ്ണുവിന്റെ കുടുംബം പരാതി നല്‍കിയപ്പോള്‍ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കിയിരിക്കുകയാണ്. വിഷ്ണുവിന്റെ സഹോദരന്‍ വിനോദിനെയും സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.