എം മുകേഷിന് വാത്സല്യ വര്‍ഷം ചൊരിഞ്ഞ് സിപിഎം നേതൃത്വം; വിലങ്ങണിയിക്കാന്‍ കാത്ത് കേരള പൊലീസ്

സംസ്ഥാനത്ത് സിനിമ താരം കൂടിയായ ഒരു എംഎല്‍എയ്‌ക്കെതിരെ ലൈംഗീക പീഡന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റാരോപിതനായ എംഎല്‍എ എം മുകേഷ് ആണെന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും അറിയാമെങ്കിലും ഇതുവരെയും അത്തരത്തില്‍ ഒരു കാര്യം കേട്ടില്ലെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.

ഒരു യുഡിഎഫ് എംഎല്‍എ ആയിരുന്നു ആരോപണ വിധേയനായിരുന്നെങ്കില്‍ ഇതോടകം രാഷ്ട്രീയ ഭാവി തന്നെ അനശ്ചിതത്വത്തിലാക്കാനും രാജി വയ്ക്കാനുമായി ഇടത് പോരാളികള്‍ തെരുവില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ എം മുകേഷ് എംഎല്‍എയ്ക്ക് മാത്രം ഇതൊന്നും ബാധകമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഇത്തരത്തിലൊരു വാത്സല്യവും പരിലാളനയും മുകേഷ് ആവശ്യത്തിലേറെ നേടിയിട്ടുണ്ട്.

അതിന്റെ തുടര്‍ച്ചയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെയും സിപിഎം നേതാവ് പികെ ശ്രീമതിയുടെയും വാക്കുകളില്‍ പ്രതിഫലിച്ചത്. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം.

മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നുമായിരുന്നു പികെ ശ്രീമതിയുടെ വാത്സല്യത്തില്‍ ചാലിച്ച വാക്കുകള്‍. ഇതാദ്യമായല്ല സംസ്ഥാന സര്‍ക്കാരും സിപിഎം നേതാക്കളും എം മുകേഷിന് സംരക്ഷണ വലയം തീര്‍ത്ത് പ്രതിരോധിക്കുന്നത്.

2018ല്‍ ആയിരുന്നു എം മുകേഷിനെതിരെ ആദ്യ ലൈംഗിക പീഡന പരാതി പുറത്തുവരുന്നത്. കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ജോലി നോക്കിയിരുന്ന ഒരു സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്നതായിരുന്നു ആദ്യ പരാതി. അതും മീ ടൂ ക്യാമ്പയിന്‍ കേരളത്തില്‍ അണപൊട്ടി നില്‍ക്കുന്ന അവസരത്തില്‍.

എന്നാല്‍ ആരോപണം ഉന്നയിച്ച പരാതിക്കാരിയെ കണ്ട പരിചയം പോലും ഇല്ലെന്നായിരുന്നു വിശുദ്ധനായ എംഎല്‍എയുടെ വാദം. അതിനെ സാധൂകരിക്കാന്‍ നര്‍ത്തകി കൂടിയായ തന്റെ ഭാര്യയെ രംഗത്തിറക്കി എം മുകേഷ് പ്രതിരോധം തീര്‍ക്കാനും മറന്നില്ല. 2018ല്‍ എം മുകേഷിനെ മീ ടൂ ക്യാമ്പയിനില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ച ഭാര്യ പിന്നീട് ഒരിക്കല്‍ കൂടി അത്തരം ഒരു സാഹസത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തില്‍ നിന്ന് വിവാഹ മോചനവും നേടി.

മീ ടൂ കേസില്‍ മുകേഷിനെ ഭാര്യ ന്യായീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമ താരം കൂടിയായ മുന്‍ ഭാര്യ നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ വിവരിക്കുന്ന ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. അക്കാലത്തും സിപിഎമ്മിന് മാത്രം എം മുകേഷ് വിശുദ്ധനായിരുന്നു.

എംഎല്‍എ എന്ന നിലയില്‍ ശോഭിച്ചില്ലെങ്കിലും എം മുകേഷിന് രണ്ടാം തവണയും സിപിഎം കൊല്ലത്ത് സീറ്റ് നല്‍കി വിശുദ്ധ പട്ടം ഉറപ്പിച്ചു. ഇടത് വോട്ടുകളുടെ പ്രഭയില്‍ വീണ്ടും മുകേഷ് നിയമസഭയിലും എത്തി. സിപിഎമ്മിന് മുകേഷിനോടുള്ള അടങ്ങാത്ത വാത്സല്യം അവര്‍ വീണ്ടും 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ എന്ന ആര്‍എസ്പിയുടെ അതികായനെതിരെ പോരാടന്‍ എം മുകേഷ് മാത്രമാണ് സിപിഎമ്മിലുള്ളതെന്ന കണ്ടെത്തലും അതേ വാത്സല്യത്തില്‍ നിന്നായിരിക്കണം ഉടലെടുത്തത്. കൊല്ലം ടൗണിലെ മാര്‍ക്കറ്റിന് സമീപത്തെ ഓടകള്‍ പോലും പരിതാപകരമാണെന്ന് പരാതി പറഞ്ഞവരോട് മീന്‍ വെള്ളത്തിന്റെ ഗന്ധം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത് എങ്ങനെയാണ് ദുര്‍ഗന്ധമാകുന്നതെന്നും ചോദിച്ച എംഎല്‍എ ബിഎംഡബ്ല്യു കാറില്‍ എസി ഓണ്‍ ചെയ്ത് പോകുന്നത് കണ്ട കൊല്ലത്തെ വോട്ടര്‍മാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അതിനുള്ള മറുപടിയും നല്‍കി.

ഇപ്പോഴത്തെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ ആയിരുന്നു എംഎല്‍എയ്‌ക്കെതിരെ ജില്ലാ സമ്മേളനത്തില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളുണ്ടായത്. മുകേഷിന് സീറ്റ് നല്‍കിയത് ആരാണെന്ന് പോലും കൊല്ലം സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഒടുവില്‍ ചോദ്യം ഉയര്‍ന്നു. വിവാദമായ പീഡന പരാതിയുടെ തുടക്കത്തിലും മുകേഷിന് വേണമെങ്കില്‍ രാജിവച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു സിപിഎമ്മിലെ വനിത നേതാക്കള്‍ ഉള്‍പ്പെടെ നിലപാടെടുത്തത്.

തങ്ങളോട് മുകേഷ് അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും മര്യാദ പൂര്‍വ്വമാണ് ഇടപെടാറുള്ളതെന്നും വരെ ന്യായീകരണമുണ്ടായി വനിത നേതാക്കളില്‍ നിന്ന്. അതായത് ഒരു കൊലപാതക കേസില്‍ പ്രതിയായ ഒരാള്‍ തന്നെ കൊന്നിട്ടില്ലെന്നും തന്നോട് അനുതാപത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അതുകൊണ്ട് അയാള്‍ ഒരു കൊലപാതകി ആകാന്‍ സാധ്യതയില്ലെന്നും പറയുന്നതുപോലെ.

മുകേഷിനെ കൂടാതെ സിദ്ദിഖും ജയസൂര്യയും ഇടവേള ബാബുവും ഉള്‍പ്പെടെയുള്ള സിനിമ താരങ്ങള്‍ക്കെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നത്. കേസില്‍ പ്രതി ചേര്‍ത്ത സിനിമ താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കിലും മുകേഷിനെ മാത്രം കേരള പൊലീസിന് തൊടാനായില്ല.

എംഎല്‍എയുടെ പ്രിവിലേജിന് അപ്പുറത്ത് കേരള പൊലീസിന് മുകേഷിനെ കണി കാണാന്‍ കിട്ടാതെ പോയതിന് പിന്നില്‍ സിപിഎം എന്ന സംഘടനയുടെ ഇടപെടലും വ്യക്തമാണ്. ഒളിവില്‍ കഴിയുമ്പോഴും എം മുകേഷിനെ ന്യായീകരിക്കാന്‍ ഇടത് നേതാക്കള്‍ പ്രത്യേക താത്പര്യം പുലര്‍ത്തി പോന്നിരുന്നു.

ഇതേ പ്രത്യേക താത്പര്യമാണ് തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടും നേതാക്കള്‍ മുകേഷിനെതിരെ ഒരു വാക്ക് പോലും പറയാത്തതിന്റെ കാരണം. സ്ത്രീ സമത്വത്തിനായും ഉന്നമനത്തിനായും ജീവിതം ഉഴിഞ്ഞുവച്ച സിപിഎം വനിത നേതാക്കള്‍ക്ക് പോലും എം മുകേഷ് വിശുദ്ധനാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന മട്ടിലാണ് എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള പുരുഷ സിംഹങ്ങള്‍.

സ്ത്രീ സുരക്ഷയ്ക്കായി അഹോരാത്രം പണിയെടുക്കുന്ന ഒരു സര്‍ക്കാരുണ്ട് ഇവിടെ എന്നതായിരുന്നു നവ മാധ്യമങ്ങളില്‍ സിപിഎം അനുകൂലികളും നേതാക്കളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ പ്രചരണം. ഇതേ സര്‍ക്കാരിന്റെ ഭാഗമായ മുകേഷ് എംഎല്‍എ അഹോരാത്രം നടത്തിയ ശ്രമഫലങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ മാത്രം പക്ഷേ സിപിഎമ്മിന് യാതൊരു താത്പര്യവുമില്ല.

Read more

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എന്ന ബിജെപി നേതാവിനെതിരെ ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ കണ്ണീരൊഴുക്കിയ സിപിഎം വനിത നേതാക്കള്‍ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലോടെ ഡിജിറ്റല്‍ തെളിവുകള്‍ വരെ വിശദമാക്കുന്ന മുകേഷിനെതിരയുള്ള കുറ്റുപത്രം കാണാതെ പോകരുത്.