രക്തസാക്ഷി സ്മാരകത്തിന് പണം നൽകിയില്ല; കൊടി കുത്തുമെന്ന ഭീഷണിയുമായി സി.പി.എം നേതാവ്

കൊല്ലം ചവറയിൽ രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പ്രവാസിയുടെ പരാതി. ചവറ മുഖംമൂടിമുക്കിൽ നിർമ്മിച്ച കൺവെൻഷൻ സെന്‍ററില്‍ കൊടി കുത്തുമെന്നാണ് ഭീഷണി. സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി രൂപ ചെലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഫോണ്‍ സന്ദേശം. യു.എസിൽ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ഷഹി ഭാര്യ ഷൈനി എന്നിവർ ബിജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

വ്യവസായിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ഭീഷണി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു സന്ദേശത്തിൽ പറയുന്നുണ്ട്.

കൃഷി ഓഫീസർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻ നിയമാനുസൃതം അപേക്ഷിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി. പാർട്ടി നേതാവും കൃഷി ഓഫീസറും ചേർന്ന് തടസം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്.