'കമ്മ്യൂണിസം വീടിന് പുറത്ത് മതി, വീടിനകത്ത് നടക്കില്ല'; മകളെ വീട്ടുതടങ്കലിലിട്ട് സിപിഎം നേതാവ്, ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെ ക്രൂര മർദനം

കാസർഗോഡ് ഉദുമയിൽ മകളെ വീട്ടുതടങ്കലിലിട്ട് സിപിഎം നേതാവ്. ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി വി ഭാസ്‌കരൻ തന്റെ മകളെ വീട്ടുതടങ്കലിൽ ഇട്ട് ക്രൂരമായി മർദിക്കുന്നത്. പി വി ഭാസ്‌കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് സംഗീത ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

പിതാവ് തന്നെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് സംഗീത പറയുന്നു. ഇത്തരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് സംഗീത പറഞ്ഞത്. നിലവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ് സംഗീത. തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു.

കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതിയെന്നും വീടിനകത്ത് അതൊന്നും നടക്കില്ല എന്നും പിതാവ് പറഞ്ഞതായി സംഗീത പറയുന്നു. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട്, ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയുമെന്നും പിതാവ് പറഞ്ഞതായി സംഗീത പറഞ്ഞു.

അതേസമയം തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെൻ്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത വിഡിയോയിൽ പറയുന്നു. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, ‘പോയി ചാകാൻ’ പലതവണ ആവശ്യപ്പെട്ടതായും സംഗീത പറയുന്നു.

Read more