കുഴിയില്‍ ചാടി പ്രതിഷേധിച്ച് സിപിഎം; 'ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് തടയാനൊക്കുമോ സക്കീര്‍ ഭായിക്ക്'; സമരത്തെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

തൃക്കാക്കര യൂണിവേഴ്‌സിറ്റി കോളനിയ്ക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കുഴിയില്‍ ഇറങ്ങി പ്രതിഷേധിച്ച സിപിഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിനെതിരെയാണ് സിപിഎം ഏരിയ കമ്മിറ്റി അംഗം വിഎ സക്കീര്‍ഹുസൈന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ആയിരുന്നു സംഭവം നടന്നത്.

‘ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് തടയാനൊക്കുമോ സക്കീര്‍ ഭായിക്ക്’ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് സിപിഎം നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോ ഇതോടകം വൈറലായി കഴിഞ്ഞു. ‘കാല്‍ക്കുലേറ്റര്‍, കമ്പ്യൂട്ടര്‍, ട്രാക്ടര്‍, നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയില്‍ പൈപ്പ് ലൈന്‍, എക്‌സ്പ്രസ് വേ, എന്‍എച്ച് വിരുദ്ധ സിപിഎം സമരപരമ്പരകളില്‍ പുതിയത് ഹൈമാസ്റ്റ് ലൈറ്റ് വിരുദ്ധ സമരം’ എന്നാണ് വീഡിയോയ്ക്ക് ഒപ്പം രാഹുല്‍ പങ്കുവച്ച കുറിപ്പിന്റെ ബാക്കി ഭാഗം.

പ്രതിഷേധത്തെ തുടര്‍ന്ന് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നതായാണ് റിപ്പോര്‍ട്ട്. എംപി ഫണ്ട് വിനിയോഗം തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സിപിഎം പ്രവര്‍ത്തകരെ ഒഴിവാക്കിയത്. ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് മൂന്ന് ദിവസമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ആദ്യം യുണിവേഴ്‌സിറ്റിയുടെ അനുമതിയോടെ ക്യാംപസിന്റെ അതിരിനോടു ചേര്‍ന്നായിരുന്നു ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭയുടെ അനുമതിയോടെ റോഡില്‍ കുഴിയെടുത്തു. ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ കുഴിയെടുക്കുന്നുവെന്നു കാണിച്ചു സിപിഎം നഗരസഭാ സെക്രട്ടറിക്കു പരാതി നല്‍കി. തുടര്‍ന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും നിര്‍മാണത്തിന് അനുമതി നല്‍കുകയും ചെയ്തു.

വീണ്ടും നിര്‍മ്മാണം ആരംഭിച്ചതോടെ പോസ്റ്റ് സ്ഥാപിക്കാനുള്ള കുഴിയില്‍ ചാടിയിറങ്ങി സക്കീര്‍ഹുസൈനും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനും പ്രതിഷേധിച്ചു. ഇതോടെ പണി താത്കാലികമായി നിറുത്തിവച്ചു. ഇന്ന് കലക്ടറേറ്റിലെ ചര്‍ച്ചയ്ക്കു ശേഷം ജോലി തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. റേഷന്‍കട കവല കേന്ദ്രീകരിച്ച് പബ്ലിക് സ്‌ക്വയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനു മധ്യത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ മതിയെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. പബ്ലിക് സ്‌ക്വയര്‍ എപ്പോള്‍ നിര്‍മിക്കുമെന്നു വ്യക്തമല്ല.