പാലക്കാട് സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ.ശശിയെ സിപിഎം പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പികെ ശശി നടത്തിയത്. ഇതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
മുദ്രാവാക്യം വിളികളോടെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ശശിയെ വിമത പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡലത്തിലായിരുന്നു കണ്‍വന്‍ഷന്‍. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വന്‍ഷനാണെന്നും പി.കെ.ശശി പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നതെന്നും ഞങ്ങള്‍ നിര്‍ബന്ധിതരായതാണെന്നും ആ സാഹചര്യം പാലക്കാട് ജില്ലയില്‍ നിലനില്‍ക്കുന്നുവെന്നും പി കെ ശശി പറഞ്ഞു.
പാലക്കാട് ജില്ലയില്‍ സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിച്ച പികെ ശശി ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് കൂടി പറഞ്ഞു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ പാര്‍ട്ടിയില്‍ തുടരാനില്ലെന്നും യോഗത്തില്‍ പി കെ ശശി പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ പണപ്പിരിവ് നടക്കുകയാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞിരുന്നു. ശരിയായ നിലപാടെടുത്തവര്‍ പുറത്താക്കപ്പെട്ടുവെന്നും ചിലരെ തരം താഴ്ത്തിയെന്നും ജോലിയില്‍നിന്നും പിരിച്ചുവിട്ടുവെന്നും അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും പി കെ ശശി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധമുള്ള എല്ലാ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരില്‍ പലരും പാര്‍ട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേര്‍ വരുംദിവസങ്ങളില്‍ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു. പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പരാതികള്‍ വ്യാജമാണെന്നും സതീഷ് പറഞ്ഞു.
Read more
രണ്ടു വര്‍ഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കള്‍ പറയുന്നത്. വിമതരുടെ നീക്കം തടയാന്‍ കുറച്ചു ദിവസമായി ലോക്കല്‍ കമ്മിറ്റി മുതല്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. പി.കെ. ശശി പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടെന്നും ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും മാധ്യമങ്ങളോടു പ്രതികരിച്ചു.







