എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐയ്ക്ക് നേര്‍ക്കുള്ള വെള്ളാപ്പള്ളിയുടെ നിലപാടിനോടും പാര്‍ട്ടിയ്ക്ക് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
ചതിയന്‍ ചന്തു എന്നാണ് സിപിഐയെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അങ്ങനെ ഒരു നിലപാട് സിപിഎമ്മിനുണ്ടോ എന്ന ചോദ്യത്തിന്; ‘ഞങ്ങള്‍ക്ക് അങ്ങനെ ഒരു നിലപാട് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടര്‍ന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തില്‍ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല, അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്’. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സര്‍ക്കാരിന് മാത്രമേ പറയാന്‍ പറ്റൂ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞത്. പത്തുവര്‍ഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല എന്നും സിപിഐയെ പഴി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. മുന്നോക്കക്കാരന്‍ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തില്‍ പോയാല്‍ ആരും മിണ്ടില്ല താന്‍ പിന്നോക്കക്കാരന്‍ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു.
Read more
വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാം. ചതിയന്‍ ചന്തു എന്ന പേര് ആയിരം വട്ടം ചേരും ആ തലയ്ക്ക്. വെള്ളാപ്പള്ളി അല്ല എല്‍ഡിഎഫ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.







