രാജേന്ദ്രന്‍ വാ പോയ കോടാലി, പാര്‍ട്ടി വഞ്ചകരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍: മുന്‍ എം.എല്‍.എയെ തള്ളി സി.പി.എം

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ തള്ളി സിപിഎം ജില്ലാ നേതൃത്വം. രാജേന്ദ്രന്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി സ്വയം തേടുകയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു. എം.എം മണി മുതിര്‍ന്ന നേതാവാണ്. രാജേന്ദ്രന്‍ വാ പോയ കോടാലിയാണെന്നും പാര്‍ട്ടി വഞ്ചകരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

എസ് രാജേന്ദ്രനെ പൂര്‍ണമായും തള്ളിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും ആരോപിച്ചു. ഒരു ഇടവേളക്ക് ശേഷം എസ്. രാജേന്ദ്രനും എംഎം മണിയും തമ്മിലുള്ള വാക്പോര് ശക്തമാകുമ്പോഴാണ് ജില്ലാ നേതൃത്വം പ്രതികരണവുമായി രംഗത്തുവന്നത്.

ഒരു വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടി നടപടിക്ക് വിധേയനായി നില്‍ക്കേണ്ടതിന് പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എംഎം മണിയെ പോലെയുള്ള നേതാക്കളെ പരസ്യമായി എതിര്‍ക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.വി വര്‍ഗീസ് പറഞ്ഞു.

എംഎം മണിയെ പോലെയുള്ള നേതാക്കള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം.