സി.പി.എം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചമയേണ്ട; ഹരിദാസിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി

തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് ബി.ജെ.പി. സി.പി.എമ്മിന്റേത് മുന്‍ധാരണയോടെയുളള ആരോപണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബി ജെ പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എന്‍ ഹരിദാസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി ജെ പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളില്‍ സംസാരിക്കുന്നത് മുഴുവന്‍ യാഥാര്‍ഥ്യങ്ങളാണോയെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ചോദിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സി പി എം പ്രവര്‍ത്തകനും മല്‍സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി പി എം ബി ജെപി സംഘര്‍ഷമുണ്ടായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.

അതേസമയം സി പി എം പ്രവര്‍ത്തകനായ ഹരിദാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി ന?ഗരസഭ,ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.