സുപ്രീംകോടതി പ്രഖ്യാപിക്കുന്നത് മോദിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധികള്‍; കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയത് അപമാനകരം; കടന്നാക്രമിച്ച് എംഎ ബേബി

മോദിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതി പ്രഖ്യാപിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോടതിയില്‍ പോയാല്‍ വാദി പ്രതിയാകുന്ന അവസ്ഥയാണിത്. നിഷ്പക്ഷരാണെന്നു തോന്നിക്കുന്ന ചില വിധികള്‍ ഇടയ്ക്കുവരും. എന്നാല്‍, ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിക്കുക.

കാശ്മീരിലെ 370-ാംവകുപ്പ് റദ്ദാക്കിയത് സംബന്ധിച്ച വിധി അപമാനകരമാണ്. ഇത് റിപ്പോര്‍ട്ട് ചെയ്തിട്ട് സുപ്രീംകോടതിയെ ബേബി വിമര്‍ശിച്ചെന്നു പറഞ്ഞ് കേസെടുക്കട്ടെ, അപ്പോള്‍ അവിടെപ്പോയി പറയാമല്ലോയെന്നും ബേബി പറഞ്ഞു.

കണ്ണൂരില്‍ കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പൂര്‍വാധ്യാപകസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഗൗതം അദാനിയുടെ ഇടപാടുകളെക്കുറിച്ച് അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സെബി അന്വേഷണം തുടങ്ങിയതാണ്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്മേലായിരുന്നു അന്വേഷണം. പക്ഷേ, ഇതില്‍ കാര്യമായ അന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി, ഹിന്‍ഡന്‍ബെര്‍ഗിന് ഇതിലെ താത്പര്യമെന്താണെന്ന് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അന്വേഷിക്കാമെന്ന് നിര്‍ദേശിച്ച് കേസ് തന്നെ അട്ടിമറിച്ചെന്നും ബേബി പറഞ്ഞു.