ജയരാജനെ പാര്‍ട്ടി തള്ളുമോ കൊള്ളുമോ? നിര്‍ണായക സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ദേശീയ തലത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ കണ്ണുരില്‍ ഇന്ന്  സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊടിയേറും. നാളെ രാവിലെ മുതല്‍ കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്മന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദവും പി.ജയരാജനെതിരെയുള്ള വ്യക്തി പൂജാ ആരോപണവും സമ്മേളന ചര്‍ച്ചയില്‍ ഇടം പിടിക്കും.

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ആഡംബരജീവിതം സമ്മേളനത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴി തുറക്കും. നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജനാധിപത്യസ്വഭാവമുള്ള പാര്‍ട്ടിയായ സിപിഐഎമ്മില്‍ നേതൃപാടവമുള്ള നിരവധി പേരുണ്ടെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പി ജയരാജന്‍ പ്രതികരിച്ചത്. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ പി.ജയരാജന്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി ബലംകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. മാതൃജില്ലയായ കണ്ണൂരിലെ സമ്മേളനത്തിലുയരുന്ന ചര്‍ച്ചകള്‍ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കരുതലോടെയാണ നോക്കി് കാണുന്നത്.

ജില്ലയിലെ 18 ഏരിയകമ്മറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 457 പേര്‍ പ്രതിനിധികളായി പങ്കെടുക്കും. മൂന്ന് വര്‍ഷത്തിനിടെ മെമ്പര്‍ഷിപ്പില്‍ 7,028 പേരുടെ വര്‍ധനവാണുണ്ടായത്. സമാപന സമ്മേളനത്തിന് 25,000 പേര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കും.