'സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പം'; കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് എംവി ​ഗോവിന്ദൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി പി ജയരാജൻ രം​ഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രംഗത്ത്. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനം എടുത്തത്. സർക്കാർ തീരുമാനത്തെ പാർട്ടി അം​ഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം പി ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്നാണ് പി ജയരാജൻ പറഞ്ഞിരുന്നത്. റവാഡയുടെ നിയമനത്തിൽ വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി ജയരാജൻ പറഞ്ഞിരുന്നു.

Read more