ലോകായുക്ത ഓഡിനന്‍സില്‍ സി.പി.ഐയുടെ എതിര്‍പ്പ്; ഭേദഗതിയുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ തീരുമാനം

ലോകായുക്ത ഓഡിനന്‍സില്‍ സിപിഐയുടെ എതിര്‍പ്പ്. മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്ത ഓഡിനന്‍സ് പുനര്‍വിളംബരം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. സിപിഐയ്ക്ക് വ്യത്യസ്ഥ നിലപാടെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. എന്നാല്‍ നിയമസഭയില്‍ വരുമ്പോള്‍ ചെയ്യാമെന്നായിരുന്നു മന്ത്രിസഭ തീരുമാനം.

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകള്‍ തെളിയിക്കപ്പെട്ട്, അവര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹിയറിങ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നതാണ് ഭേദഗതി. ലോകായുക്തയുടെ വിധി കൈപ്പറ്റി മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി അത് തള്ളിയില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കും. എന്നാല്‍, 1999ലെ ലോകായുക്ത നിയമ പ്രകാരം ലോകായുക്ത ഒരു വിധി പുറപ്പെടുവിച്ചാല്‍ അധികാരികള്‍ അതേപടി അത് അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. നിലവിലെ ലോകായുക്ത നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസോ മാത്രമേ ലോകായുക്ത ആയി നിയമിതരാകാന്‍ യോഗ്യരായുള്ളൂ. ഈ വ്യവസ്ഥ മാറ്റി ഹൈകോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും പുതുതായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.

ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി സര്‍ക്കാരിന് തളളിക്കളയാം എന്നതാണ് ഭേദഗതിയിലെ ഏറ്റവും വലിയ മാറ്റം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.