അനുനയത്തിലും വഴങ്ങാതെ സിപിഐ; പിഎം ശ്രീയിൽ നിലപാടുമായി മുന്നോട്ട് തന്നെ, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീയിൽ നിലപാടുമായി മുന്നോട്ട് തന്നെയാണ് സിപിഐ. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. അതേസമയം പിഎം ശ്രീയിൽ തുടർ നടപടികൾ അടുത്തമാസം നാലിന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും.

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Read more