സി.പി.ഐ ദേശീയ കൗണ്‍സില്‍: കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍, ആറ് പേര്‍ പുറത്ത്

കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ സിപിഐ ദേശീയ കൗണ്‍സിലിലേക്ക്. കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ് എന്നിവര്‍ കൗണ്‍സിലിലെത്തും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും ദേശീയ കൗണ്‍സിലില്‍. കേരളത്തില്‍നിന്ന് എട്ട് പുതുമുഖങ്ങളാണ് കൗണ്‍സിലില്‍ അംഗങ്ങളാകുക.

സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മായിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായി.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്നു കൊടി താഴുമ്പോള്‍ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടര്‍ന്നേക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിന് എതിരെ രൂക്ഷമായ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പകരം അമര്‍ജിത് കൗറോ അതുല്‍ കുമാര്‍ അഞ്ജാനോ ജനറല്‍ സെക്രട്ടറി ആകുമെന്ന പ്രചാരണവും നടന്നു.

എസ്.സുധാകര്‍ റെഡ്ഡി 2019 ജൂലൈയില്‍ അനാരോഗ്യം മൂലം ഒഴിഞ്ഞപ്പോഴാണ് രാജ പകരം ജനറല്‍ സെക്രട്ടറി ആയത്. ജനറല്‍ സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ നിര്‍വാഹകസമിതി, കൗണ്‍സില്‍ എന്നിവയെ തിരഞ്ഞെടുത്ത് ഇന്ന് സമ്മേളനം സമാപിക്കും.