'വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല, ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണം'; സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് പറഞ്ഞ എം വി ഗോവിന്ദൻ സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വി. ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ലെന്നും എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി ഡി സതീശനെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്‍റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Read more