വയനാട്ടില്‍ ആനിരാജയും തിരുവനന്തപുരത്ത് പന്ന്യനും, സുനില്‍ കുമാറും അരുണ്‍ കുമാറും തൃശൂരും മാവേലിക്കരയും; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐയുടെ നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്നത് പോലെ തന്നെയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക. വയനാട്ടില്‍ ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആനി രാജയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറും സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ സിപിഐ സീറ്റുകളില്‍ മല്‍സരിക്കുന്നവരുടെ പട്ടിക പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റി നിര്‍ദേശം ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖമായ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആനി രാജയെ വയനാട്ടിലെ  സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐയ്ക്ക്  കൃത്യമായ നിരീക്ഷണമുണ്ട്. സിപിഐ നേതൃത്വത്തിന്റെ ഇടപെടലില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിച്ചതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ ചര്‍ച്ചകളാണ് പാര്‍ട്ടിയുടെ നിര്‍ദേശം മുതിര്‍ന്ന നേതാവ് അംഗീകരിക്കുന്നതില്‍ നിര്‍ണായകമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും തലസ്ഥാനത്ത് മൂന്നാം സ്ഥാനത്താവുക എന്ന നാണക്കേടില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്നുമുള്ള കീഴ്ഘടകങ്ങളുടെ അടക്കം നിര്‍ദേശം മാനിച്ചാണ് ശക്തനായ മുതിര്‍ന്ന നേതാവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഐ തയ്യാറായതിന് പിന്നില്‍.