15 ദിവസം, കേരളത്തിൽ 628 ജീവനെടുത്ത് കോവിഡ്; വേണം അതീവ കരുതൽ

കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണവുമുയരുന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ കോവിഡ് ബാധിതര്‍. രോഗബാധിതരുടെ എണ്ണമുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും കൂടുന്നു. ആദ്യമായി ഐസിയുവില്‍ രണ്ടായിരത്തിലേറെപ്പേര്‍. വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേരും.

ഓരോ ദിവസവും 50 നുമുകളില്‍ കോവിഡ് മരണങ്ങളാണ് ഔദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ കഴിയുന്നത് വീടുകളിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. കോവിഡ് നെഗററീവായ ശേഷം ഉടനുണ്ടാകുന്ന മരണങ്ങളും ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണം.

Read more

പ്രായമായവരില്‍ കൂടുതല്‍ പേരും വാക്‌സിൻ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്സീനെടുക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്കുയരുന്നതും ആശങ്കയാണ്. ഇപ്പോഴും സര്‍ക്കാര്‍ മരണനിരക്കില്‍ സുതാര്യത പുലര്‍ത്താത്തത് കാരണം തെററായ സുരക്ഷിത ബോധം ജനങ്ങളിലുണ്ടാകുന്നുവന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല ജില്ലകളുടേയും മരണക്കണക്കും സംസ്ഥാനതലത്തില്‍ നല്കുന്ന കണക്കുകളും തമ്മില്‍ കാര്യമായ അന്തരമുണ്ട്.