കോവിഡ് വ്യാപനം: മരണനിരക്ക് കൂടുന്നു, കേന്ദ്ര സംഘം കേരളത്തില്‍

സംസ്ഥാനത്തെ കോവിഡ് കേസുകളും മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചു. ശരാശരി 3,000 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണനിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറച്ച് കൊണ്ടു വരുന്നതില്‍ വീഴ്ച സംഭവിച്ചട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രോഗികളെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതിലും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആയിരക്കണക്കിന് മരണങ്ങളാണ് പുതിയതായി പട്ടികയിലേക്ക് ഉള്‍പ്പെടുത്തുന്നത്. മുമ്പ് സ്ഥിരീകരിക്കാതിരുന്ന മരണങ്ങള്‍ കൂടി ഇക്കഴിഞ്ഞ മാസങ്ങളിലായി ആരോഗ്യവകുപ്പ് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇത് അന്വേഷിക്കാനും കൂടിയാണ് കേന്ദ്ര സംഘം എത്തിയത്. വ്യക്തമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡോ. പി.അരവിന്ദന്‍, ഡോ. രുചി ജയിന്‍, ഡോ. പ്രണയ് വര്‍മ എന്നിവരാണ് ഇന്നലെ കേരളത്തിലെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സംഘം ഇന്ന് പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്തെ കോവിഡ് പരിശോധനാരീതികള്‍ , സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രവര്‍ത്തനങ്ങള്‍, ഹോസ്പിറ്റല്‍ കിടക്കളുടെ ലഭ്യത, ആംബുലന്‍സ് മറ്റ് അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനം എന്നിവ സംഘം പരിശോധിക്കും. ഇതിന് പുറമേ വാക്‌സിനേഷനിലെ പുരോഗതിയും വിലയിരുത്തും. ഒരാഴ്ച സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനകള്‍ നടത്തി ദിവസേന ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.

മിസോറമിലേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.