കോവിഡ്; കേരളം ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കും: എൻ.സി.ഡി.സി ഡയറക്ടർ

ഇന്ത്യയിൽ അടുത്ത ആറ് മാസത്തിനുള്ളിൽ കോവിഡ് വ്യാപനം കുറയുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ സുജീത് സിംഗ്. കോറോണയുടെ ഒരു പുതിയ വകഭേദത്തിന് ഒറ്റയ്ക്ക് കോവിഡിന്റെ മൂന്നാം തരംഗം കൊണ്ടുവരാൻ കഴിയില്ലെന്നും സുജീത് സിംഗ് പറഞ്ഞു. “കോവിഡ് പകർച്ചവ്യാധി മിക്ക പ്രവചനങ്ങളെയും തെറ്റിച്ചിരുന്ന, എന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ കോവിഡ് വ്യാപനം പ്രാദേശികമായി ചുരുങ്ങും,” സുജീത് സിംഗ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വൈറസ്ബാധ ജനസംഖ്യയിൽ തുടരും എന്നാൽ സാധാരണ പനി പോലെ കൈകാര്യം ചെയ്യാൻ ക്രമേണ എളുപ്പമാകും. കോവിഡ് എൻഡെമിക്ക് (ഒരു നിശ്ചിത സമയത്ത് ചില പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെടുന്ന രോഗം) ആയി മാറും എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വൈറസ്ബാധ കൈകാര്യം ചെയ്യാൻ ആരോഗ്യമേഖലയ്ക്ക് കൂടുതൽ എളുപ്പമാകും എന്നാണെന്ന് സുജീത് സിംഗ് പറഞ്ഞു.

“മരണനിരക്കും രോഗാവസ്ഥയും നിയന്ത്രണത്തിലാണെങ്കിൽ, നമുക്ക് രോഗം നിയന്ത്രിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു, ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ രോഗവ്യാപനം ഉയർന്ന തോതിൽ ഉണ്ടായിരുന്ന കേരളം ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കും എന്നും സുജീത് സിംഗ്.

കൊറോണ വൈറസിനെതിരായ ഏറ്റവും വലിയ സംരക്ഷണമാണ് വാക്സിനേഷൻ എന്ന് ഡോ സുജീത് സിംഗ് പറഞ്ഞു. “75 കോടി ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. വാക്സിൻ ഫലപ്രാപ്തി 70 ശതമാനമാണെങ്കിൽ, ഇന്ത്യയിലെ ഏകദേശം 50 കോടി ആളുകൾക്ക് പ്രതിരോധശേഷി ലഭിച്ചു. ഒരൊറ്റ ഡോസ് കുത്തിവെയ്പ്പ് 30-31% പ്രതിരോധശേഷി നൽകുന്നു. അതിനാൽ ഒരു ഡോസ് ലഭിച്ച 30 കോടി ആളുകൾ, രോഗപ്രതിരോധശേഷി കൈവരിച്ചു,” അദ്ദേഹം പറഞ്ഞു.

പ്രതിരോധ കുത്തിവെയ്പ്പിന് ശേഷവും ആളുകൾ മാസ്ക്, സാമൂഹിക അകലം എന്നിവ പോലുള്ള കോവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പൂർണമായും കുത്തിവെയ്പ് എടുത്ത ആളുകളിലും 20-30 ശതമാനം പേർക്ക് കോവിഡ് ബാധയ്ക്ക് സാദ്ധ്യത ഉണ്ടെന്നും ഡോ. സുജീത് സിംഗ് പറഞ്ഞു.

“കോറോണയുടെ പുതിയ വ്യതിയാനങ്ങൾ മൂലമാണ് പ്രതിരോധ കുത്തിവെയ്പ്പിന് ശേഷവും രോഗബാധ ഉണ്ടാകുന്നത്. വാക്സിനേഷൻ കഴിഞ്ഞ് 70 മുതൽ 100 ദിവസത്തിനുള്ളിൽ പ്രതിരോധശേഷി കുറയാൻ തുടങ്ങുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു,” അദ്ദേഹം വിശദീകരിച്ചു. വൈറസുമായി കൂടുതൽ സമ്പർക്കം ഉണ്ടാകുകയും പ്രതിരോധ കുത്തിവെയ്പ്പിലൂടെയും വൈറസ്ബാധ ക്രമേണ കുറയുമെന്ന് ഡോ. സുജീത് സിംഗ് പറഞ്ഞു. ഇന്ത്യയിൽ കോറോണയുടെ പുതിയ വ്യതിയാനം ഇല്ലെന്നാണ് സുജീത് സിംഗ് പറയുന്നത്. നിലവിൽ ആശങ്ക ഉയർത്തുന്ന C1.2, Mu എന്നീ കൊറോണ വ്യതിയാനങ്ങൾ രാജ്യത്ത് കണ്ടെത്തിയിട്ടില്ല.