കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം നല്‍കി; ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം സൂപ്രണ്ട് വിശദീകരിക്കണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാര ഒരുക്കങ്ങള്‍ നടത്തി ബന്ധുക്കൾ ആശുപത്രിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങാന്‍ ആംബുലന്‍സുമായെത്തിയ ബന്ധുക്കള്‍ക്കാകട്ടെ മൃതദേഹം കണ്ടെത്താനായില്ല. ഇതോടെ നടത്തിയ പരിശോധനയിലാണ് രമണന്‍ വെന്റിലേറ്ററില്‍ ജീവനോടെയുണ്ടെന്ന് മനസിലായത്.

രമണന്‍ മരിച്ചെന്ന് കരുതി ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. നേരത്തെ ആലപ്പുഴ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ വെച്ച് മൃതദേഹം മാറി നല്‍കിയതില്‍ അന്വേഷണം നടന്നു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.