കോവിഡ് വ്യാപനം; ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. വൈകിട്ട് മൂന്ന മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്ന് യോഗത്തില്‍ തീരുമാനിക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നും യോഗം പരിശോധിക്കും.

സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. രോഗികളുടെ എണ്ണം, വ്യാപനത്തിന്റെ തോത് എന്നിവ അനുസരിച്ച് എ ബി സി എന്നിങ്ങനെയുള്ള കാറ്റഗറികളായാണ് ജില്ലകളെ തിരിച്ചിരിക്കുന്നത്. ഇതില്‍ കടുത്ത നിയന്ത്രണമുള്ള സി കാറ്റഗറിയില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിലേക്ക് എറണാകുളം അടക്കമുള്ള ജില്ലകള്‍ ഉള്‍പ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

രോഗ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കും കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ പരിശോധന നടത്തുന്നത്. ആശുപത്രികളില്‍ ചികിതിസയ്ക്കായി എത്തുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാണെങ്കില്‍ മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഈ രീതി ഫലപ്രദമായോ എന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേ സമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.