കോവിഡ് വ്യാപനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

യോഗത്തില്‍ ഡി.ഡി, ആര്‍.ഡി.ഡി, എ.ഡി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതിയും യോഗം വിലയിരുത്തും.

ഫെബ്രുവരി പകുതി ആകുമ്പോഴേക്കും രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പരീക്ഷാ തിയതികള്‍ മാറ്റിവെക്കേണ്ടതില്ല എന്നാണ് കഴിഞ്ഞ യോഗത്തില്‍ അവലോകന സമിതി തീരുമാനിച്ചിരുന്നത്. ജനുവരി 21 മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. ഫെബ്രുവരി രണ്ടാം വാരത്തിലും ഈ രീതി തുടരണമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാനുള്ള അധികാരവും പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് നല്‍കിയിട്ടുണ്ട്.