കോവിഡ് നിയന്ത്രണം: മൂന്നാം തരംഗ തീവ്രത കുറയുന്നു, ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലേകന യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. നിയന്ത്രണങ്ങള്‍ തുടരുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന യോഗം തീരുമാനം എടുക്കും. നിലവില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും. സ്‌കൂളുകളുടെ നിയന്ത്രണം തുടരണോ എന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് കുറയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ടി.പി.ആര്‍ നിരക്ക് ഒരു ഇടവേളയ്ക്ക് ശേഷം 38 ശതമാനത്തിന് താഴെ എത്തി. എന്നാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. രോഗ വ്യാപനം കുറഞ്ഞ ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കും. നിലവില്‍ ക്യാറ്റഗറി തിരിച്ചാണ് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്. ഇത് തുടരാനാണ് സാധ്യത.

തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ 5 ജില്ലകള്‍ നിയന്ത്രണം കൂടിയ സി കാറ്റഗറിയിലാണ് ഉള്ളത്. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരുമോ എന്നതും ചര്‍ച്ചയാകും. നാളെ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ആയിരിക്കുമെന്ന് കഴിഞ്ഞ അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ അതിതീവ്ര വ്യാപനത്തില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയേക്കും.