ശ്രീറാം വെങ്കട്ടരാമന്‍ നവംബര്‍ ഒന്നിന് ഹാജരാകണം

മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനോടും കൂട്ടുപ്രതി വഫാ ഫിറോസിനോടും നവംബര്‍ 1 ന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മിനി എസ് ദാസ് ആവശ്യപ്പെട്ടു. മുമ്പ് വെച്ചിരുന്ന അവധിക്ക് ഇരുവരും ഹാജരായിരുന്നില്ല.

2019 ജൂലൈ 28 നാണ് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ പുലര്‍ച്ചെ 1 മണിക്ക് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. മുഹമ്മദ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.

വാഹനം ഓടിച്ചിരുന്നത് ഒരു പുരുഷനാണെന്നും ഒരു സ്ത്രീകൂടി കാറിലുണ്ടായിരുന്നു എന്നും കണ്ടുനിന്നവര്‍ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാം ഓടിച്ച വാഹനമാണെന്ന് പോലീസ് കണ്ടെത്തിയത്. സ്ത്രീ നാവായിക്കുളം സ്വദേശി വഫാ ഫിറോസ് എന്നയാളാണെന്നും തിരിച്ചറിഞ്ഞു.

വഫയുടെ മൊഴി ഇങ്ങനെയായിരുന്നു. ഐഎഎസ്സ് കാരുടെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം ശ്രീറാം തന്നെ വിളിച്ചു. താന്‍ കവടിയാറില്‍ പോയി ശ്രീറാമിനെ വിളിച്ച് വീട്ടില്‍ കൊണ്ടുപോയിവിടാന്‍ പോയി. അമിതമായി മദ്യപിച്ചിരുന്ന ശ്രീറാം വഴിയില്‍ വെച്ച് തന്റെ കയ്യില്‍നിന്നും ബലമായി വാഹനം കൈക്കലാക്കി ഓടിച്ചു. അത് അപകടത്തിലേക്കായിരുന്നു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടികളും വൈദ്യശാസ്ത്രധാര്‍മ്മികതകള്‍ക്ക് നിരക്കാത്തതു പലതും അന്ന് സംഭവിച്ചു എന്ന് ആക്ഷേപമുയര്‍ന്നു. ശ്രീറാം എത്തിച്ചേര്‍ന്ന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാം മദ്യപിച്ചിരുന്നു എന്ന് മൊഴിനല്‍കിയെങ്കിലും അന്നേ ദിവസം മദ്യത്തിന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന വൈദ്യപരിശോധനക്ക് വിധേയനാക്കാത്തതിനാല്‍ കേസ് ദുര്‍ബ്ബലമാകാന്‍ സാദ്ധ്യതയേറി. മാത്രമല്ല പിന്നീട് എത്തിച്ചേര്‍ന്ന സ്വകാര്യ ആശുപ്രത്രിയിലെ ഡോക്ടര്‍മാരും മനപ്പൂര്‍വ്വം ഇതേ തെറ്റ് ആവര്‍ത്തിച്ചു എന്നും ശക്തമായ ആക്ഷേപം നിലവിലുണ്ട്.

താനല്ല വാഹനം ഓടിച്ചതെന്നും വഫയാണെന്നും ശ്രീറാം മൊഴിനല്‍കിയെങ്കിലും വഫ ഇത് നിഷേധിച്ചതോടെ ശ്രീറാം തെറ്റുകാരനാണെന്ന് പോലീസിന് ബോധ്യമായി. എന്നാല്‍ മെഡിക്കല്‍ എത്തിക്‌സിനെ ലജ്ജിപ്പിക്കുംവണ്ണം ചില ഡോക്ടര്‍മാര്‍ തെളിവുകള്‍ നശിപ്പിച്ചതോടെ കേസിന്റെ ബലം നഷ്ടപ്പെടും എന്ന സംശയത്തിലാണ് മാദ്ധ്യമരംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്ന കെ.എം ബഷീറിന്റെ സുഹൃത്തുക്കളും പ്രോസിക്യൂഷനും.

എത്ര മദ്യപിച്ചാലും രക്തത്തില്‍ മദ്യത്തിന്റെ അളവ് സാവധാനത്തില്‍ കുറയ്ക്കാന്‍ പന്ത്രണ്ടോളം മണിക്കൂറുകള്‍ മതിയാകും. അത് ശ്രീറാമിന് അനുവദിച്ചുകിട്ടുകയായിരുന്നു എന്നാണ് ആക്ഷേപമുയര്‍ന്നത്. മാത്രമല്ല വിഷാദരോഗം, പരിക്കുപറ്റുന്നതിനുമുമ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത റിട്രോഗ്രേഡ് അംനീസിയ, ശേഷമുള്ളതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ആന്റെറോഗ്രേഡ് അംനീസിയ ഇവയെല്ലാം ഇങ്ങനെ പല രീതിയില്‍ ഇദ്ദേഹത്തിന്റെ സഹപാഠികളായ ഡോക്ടര്‍മാര്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതായിട്ടാണ് വിവരം. ഈ രേഖകള്‍ കോടതിയുടെ പരിഗണനയിലിരിക്കേ മറവി അഭിനയിച്ചാലും കോടതിവിധി പ്രതിക്കനുകൂലമാകാം. എന്നാല്‍ മുമ്പും ശേഷവുമുള്ള മറവി സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നറിയാന്‍ മെഡിക്കല്‍ ചെക്കപ്പോ കോടതിയോ ഒന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് ആവശ്യമില്ല.

Read more

ഐഎസ് ഉദ്യോഗസ്ഥനെ വഴിവിട്ട് സഹായിക്കാനായി ഡോക്ടര്‍മാര്‍മാര്‍ ചെയ്ത ഈ പ്രവൃത്തിക്കെതിരെ ഡോക്ടര്‍ ബി. ഇക്ബാല്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ശ്രീറാം വെങ്കട്ടരാമന്‍ സസ്‌പെന്‍ഷനില്‍ ആയെങ്കിലും സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കൊടുത്ത വലിയ ഉത്തരവാദിത്വങ്ങളുമായി സര്‍വ്വീസില്‍ തിരിച്ചെത്തിയത്.