ഇഡിക്ക് തിരിച്ചടി; തോമസ് ഐസക് തിരഞ്ഞെടുപ്പുസമയത്ത് ഹാജരാകേണ്ടെന്ന് കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട സ്ഥാനാർത്ഥിയായ തോമസ് ഐസക്  ഇഡിക്ക് മുൻപിൽ ഹാജരാകേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു. തിരഞ്ഞെടുപ്പിനുശേഷം മറ്റുനടപടികളുമായി മുന്നോട്ടുകാമെന്നും ഇഡിയോട് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് പത്ത് ദിവസമല്ലേയുള്ളൂ എന്നും ഇത്രയും തിരക്ക് എന്തിനാണെന്നും ഇഡിയോട് കോടതി ചോദിച്ചു.

അതേസമയം തിരഞ്ഞെടുപ്പിനുശേഷം തോമസ് ഐസക്ക് ഇഡിക്കു മുൻപിൽ ഹാജരായാൽ മതിയെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മസാലബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇഡി നടപടിയെ ചോദ്യംചെയ്ത് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഇഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ഇഡി ഹർജിയിൽ ചൂണ്ടികാണിച്ചത്. ചോദ്യംചെയ്യൽ വൈകുന്നതുമൂലമാണ് കേസിൽ കാലതാമസമുണ്ടാകുന്നതെന്നും വിഷയത്തിൽ ഡിവിഷൻ ബെഞ്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.