ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍; സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്ന് സംശയം

ആലപ്പുഴ ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല മായിത്തറയിലാണ് സംഭവം. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ് (65) ,ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ വയര്‍ ചുറ്റി ഇരുവരും സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് സംശയിക്കുന്നത്. സ്വിച്ച് ബോര്‍ഡ് അടക്കമുള്ളവ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിട്ടയേര്‍ഡ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു മരണപ്പെട്ട ഹരിദാസ്. ഇരുവരും രോഗബാധിതരായിരുന്നുവെന്നും അതാവാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.