പി.ടിയുടെ പൊതുദര്‍ശനത്തിന് പൂവ് വാങ്ങിയതില്‍ അഴിമതി ആരോപണം; തൃക്കാക്കര നഗരസഭയില്‍ വിവാദം

തൃക്കാക്കര എം.എല്‍.എ യും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വാങ്ങിയ പൂവിന്റെ പേരില്‍ നഗരസഭയില്‍ വിവാദം. പൂക്കള്‍ ഉപയോഗിക്കരുതെന്നും പുഷ്പ ചക്രം അര്‍പ്പിക്കരുതെന്നും അന്ത്യാഭിലാഷം അറിയിച്ചു യാത്രയായ പി.ടി യുടെ പൊതുദര്‍ശന ചടങ്ങില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ പൂക്കള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചായിരുന്നു ഇവര്‍ യോഗത്തിന് എത്തിയത്.

അന്തരിച്ച് പി.ടി തോമസ് എം.എല്‍.എയുടെ മൃതദേഹം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പൊതുദര്‍ശനത്തിന് വച്ചത്. ഇവിടെ അലങ്കരിക്കാനായി 1,27,000 രൂപയുടെ പൂക്കളാണ് വാങ്ങിയത് എന്ന് കണക്കുകള്‍ പുറത്ത് വന്നിരുന്നു. അന്ന് തന്നെ 1,17,000 രൂപ പൂക്കച്ചവടക്കാര്‍ക്ക് നല്‍കി. ഇതിന് പിന്നാലെയാണ് വലിയ തുക ധൂര്‍ത്തടിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

യോഗത്തില്‍ നിന്ന്് പത്രക്കാരും മാധ്യമപ്രവര്‍ത്തകരും പുറത്ത് പോകണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടെങ്കിലും അവരുടെ സാന്നിധ്യത്തില്‍ യോഗം നടത്തിയാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമായി.