സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്; സര്‍ക്കുലര്‍ പുറത്തിറക്കി ശ്രീറാം വെങ്കിട്ടരാമന്‍

സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ചിത്രങ്ങളെടുക്കുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സപ്ലൈകോ ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്.

സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യത നേരിടുമ്പോഴാണ് പുതിയ നടപടി. അനുമതി കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം സബ്‌സിഡി ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

അതേസമയം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 40 ഇനം ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനായി വിളിച്ച ടെണ്ടര്‍ മൂന്നാം തവണയും മുടങ്ങി. കുടിശ്ശിക നല്‍കാത്തതിനാല്‍ ടെണ്ടര്‍ ബഹിഷ്‌കരിക്കുന്നതായി വിതരണക്കാരുടെ സംഘടന അറിയിച്ചതിന് പിന്നാലെയാണ് സപ്ലൈകോ ടെണ്ടര്‍ പിന്‍വലിച്ചത്.