നിയമനക്കത്ത് വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയാണ് ഡിജിപിയുടെ ഉത്തരവ്. തന്റെ പേരിലുള്ള കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന ആര്യാ രാജേന്ദ്രന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ മേയറും പാര്‍ട്ടിയും പ്രതിരോധത്തിലായതിന് പിന്നാലെ കത്ത് വിവാദം പാര്‍ട്ടിയും അന്വേഷിക്കും.

തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്.

ജില്ലയിലെ പ്രമുഖനായ സി പിഎം നേതാവ് കൂടിയായ മുന്‍ മന്ത്രിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി നടത്തിയ ചില വെളിപ്പെടത്തലുകള്‍ പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുന്നതായി സി പിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചിലരാണ് ഈ കത്ത് പുറത്താക്കിയത് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിക്ക് കൃതമായ വിവരങ്ങളുമുണ്ട്