ഇന്നും സംഘര്‍ഷഭരിതം; കോര്‍പ്പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം, ലാത്തിവീശി പൊലീസ്, ജലപീരങ്കി പ്രയോഗിച്ചു

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ മൂന്നാം ദിവസവും ആഞ്ഞടിച്ച് പ്രതിഷേധം. കോര്‍പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധവുമായി എത്തി. ബാരിക്കേടുകള്‍ മറികടന്ന് നഗരസഭയിലേക്ക് തള്ളിക്കയറിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മൂന്നാം ദിവസവും നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സത്യാഗ്രഹ സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു.

പ്രതിഷേധം ഭയന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്ന് നേരത്തെ ഓഫീസിലെത്തി. നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മേയര്‍ ഓഫീസിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് അകമ്പടിയോടെ പിന്‍വാതിലിലൂടെയാണ് മേയര്‍ ഓഫീസിലെത്തിയത്. പി.എയുടെ ഓഫീസ് വഴിയാണ് ചൊവ്വാഴ്ച മേയര്‍ ഓഫീസിനകത്ത് പ്രവേശിച്ചത്.