വധഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല

വധഗൂഢാലോചന കേസില്‍ ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ദിലിീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. ഐടി വിദഗ്ധന്‍ സായ്ശങ്കറിന്റെ പക്കല്‍ നിന്നും അഭിഭാഷകര്‍ വാങ്ങി വെച്ചിരിക്കുന്ന ലാപ്ടോപ് അടക്കമുള്ള അഞ്ച് വസ്തുക്കള്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാമന്‍പിള്ള അസോസിയേറ്റ്സിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് സായ് ശങ്കറിന് എതിരെയുള്ള കേസ്. ഏഴാം പ്രതിയായാണ് ഇയാളെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫോണിലെ തെളിവുകള്‍ മാറ്റിയതെന്നാണ് സായ് ശങ്കര്‍ മൊഴി നല്‍കിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. കോടതിയിലെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാതി. തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട്  കാവ്യാ മാധവന്‍റെ മൊഴിയെടുക്കൽ ബുധനാഴ്ചത്തേക്ക് മാറ്റി. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലീസ്‌ സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഇതേ തുടര്‍ന്നാണ്‌  കാവ്യയുടെ സൗകര്യം തേടിയത്.  വീട്ടില്‍ വെച്ച് ചോദ്യം ചെയ്യമെന്നായിരുന്നു കാവ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം നിര്‍ദ്ദശിക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.