ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശി തരൂർ എംപി. പാർലമെന്റിൽ ഇന്ന് ആരംഭിക്കുന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്നുമാണ് ശശി തരൂർ സ്വയം ഒഴിഞ്ഞ് മാറിയത്. ഇന്ന് രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കുക.
ചർച്ച നടക്കുന്ന സമയത്ത് സഭയിലുണ്ടാകണമെന്ന് കാണിച്ച് കോൺഗ്രസ് എല്ലാ എം പിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗൊഗോയി എന്നിവർ ഇന്ന് സംസാരിക്കും. രാഹുൽ ഗാന്ധി നാളെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.







